Message From the Vicar's Desk:
കര്‍ത്താവില്‍ പ്രിയരെ,
സ്വാതന്ത്ര്യം നഷ്ടപ്പെട്ട് അടിമകളായി കഴിയുമ്പോഴാണ് സ്വാതന്ത്ര്യം എത്രയോ മഹത്തകരമായതെന്ന ഉള്‍ക്കാഴ്‌ച നമുക്കുണ്ടാകുന്നത്. സ്വാതന്ത്ര്യം തന്നെ ജീവിതം, സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം’ എന്ന മഹാകവി കുമാരനാശാന്‍റെ വരികള്‍ എത്രയോ അര്‍ത്ഥവത്താണ്. പാപത്തിന്‍റെ പാരതന്ത്ര്യം ഇന്ന് ക്രിസ്‍തീയ ജിവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. നമ്മുടെ മാതൃ രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ ഒരു വര്‍ഷം കൂടി പിന്നിടുമ്പോള്‍ ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും തുല്യാമായ സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ക്രിസ്‍തീയ സ്വാതന്ത്ര്യം എന്താണ് അര്‍ത്ഥമാക്കുന്നത്:
1. ക്രിസ്‍തുവിലൂടെയുള്ള സ്വാതന്ത്ര്യം (Freedom through Christ) ക്രിസ്‍ത്യാനികള്‍ എന്ന നിലയില്‍ ഭൂമിയിലെ പരിമിതികളില്‍ നിന്ന് മാത്രമല്ല, ആത്മീയ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്‍തുവിലൂടെ പാപത്തില്‍നിന്നും മരണത്തില്‍നിന്നും നാം സ്വതന്ത്രരാക്കപ്പെടുകയും സമൃദ്ധമായി ജീവിക്കാനുള്ള അവസരം നല്‍കപ്പെടുകയും ചെയ്‌തു.
2. സ്വാതന്ത്ര്യത്തിന്‍റെ വില (The cost of Freedom) സ്വതന്ത്ര്യത്തിന് വിലയുണ്ട് എന്ന സത്യം ക്രിസ്‌തീയ സ്വാതന്ത്ര്യം വെളിപ്പെടുത്തുന്നു. നമ്മുടെ ഭൗമിക സ്വാതന്ത്ര്യത്തിനായി ചരിത്രത്തിലുടനീളം നിരവധി സൈനികര്‍ തങ്ങളുടെ ജീവന്‍ നല്‍കിയിട്ടുണ്ട്. അതുപോലെ നമ്മുടെ ആത്മീയ സ്വാതന്ത്ര്യത്തിനായി യേശു തന്‍റെ ജീവന്‍ കുരിശില്‍ സമര്‍പ്പിച്ചു. ഈ രണ്ട് തരത്തിലുള്ള സ്വാതന്ത്ര്യവും നാം ഒരിക്കലും നിസ്സാരമായി കാണരുത്.
3. നമ്മുടെ സ്വാതന്ത്ര്യം വിവേകപൂര്‍വ്വം ഉപയോഗീക്കാനുള്ള ആഹ്വാനം (A call to use our Freedom wisely) ഗലാത്യര്‍ 5:13ല്‍ പറയുന്നു, ’എന്‍റെ സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ സ്വാതന്ത്ര്യത്തില്‍ ജീവിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ നമ്മുടെ പാപസ്വഭാവത്തെ തൃപ്‍തിപ്പെടുത്താന്‍ നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കരുത്. പകരം നമ്മുടെ സ്വാതന്ത്ര്യം പരസ്‌പരം സ്‌നേഹത്തേടെ ശുശ്രൂഷിക്കാന്‍ ഉപയോഗിക്കുക’. ക്രിസ്‌ത്യാനികള്‍ എന്ന നിലയില്‍, നമ്മുടെ പാപസ്വഭാവത്തിന് വഴങ്ങാതെ നമ്മുടെ സ്വാതന്ത്ര്യം വിവേകപൂര്‍വ്വം ഉപയോഗിക്കാനും പരസ്‌പരം സ്‌നേഹത്തില്‍ ശുശ്രൂഷിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു.
4. സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം (Our responsibility to advocate for Freedom) ക്രിസ്‌ത്യാനികള്‍ എന്ന നിലയില്‍ ഭൗമീകവും അത്മീയവുമായ അര്‍ത്ഥത്തില്‍ എല്ലാ ആളുകളുടെയും സ്വാതന്ത്ര്യത്തിനായി വാദിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. യേശു ചെയ്‌തതുപോലെ അടിച്ചമര്‍ത്തലിനെതിരെ ശബ്ദമുയര്‍ത്താനും എല്ലാ ആളുകള്‍ക്കും നീതിക്കും സമത്വത്തിനും വേണ്ടി പോരാടാനും നാം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
5. സ്വര്‍ഗ്ഗത്തിലെ നമ്മുടെ ആത്യന്തികമായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ (A reminder of our ultimate freedom in heaven) ഭൗമീക ജീവിതത്തില്‍ നമുക്ക് സ്വാതന്ത്ര്യവും അതില്‍ പരിമിതികളും ഉണ്ടെങ്കിലും, സ്വര്‍ഗ്ഗത്തില്‍ യേശുവിനെ മുഖാമുഖം കാണുമ്പോള്‍ നമുക്ക് ആത്യന്തിക സ്വാതന്ത്ര്യം ലഭിക്കുന്നു. അവിടെയാണ് ജീവിതത്തിന്‍റെ എല്ലാ പരിമിതികളില്‍ നിന്നും മോചിക്കപ്പെട്ട് യഥാര്‍ത്ഥ സ്വാതന്ത്ര്യം നമുക്ക് അനുഭവപ്പെടുകയും നിത്യതയില്‍ ദൈവത്തെ പരിപൂര്‍ണ്ണമായി ആരാധിക്കാന്‍ സാധിക്കുകയും ചെയ്യുന്നത്.
ക്രിസ്‌ത്യാനികള്‍ എന്ന നിലയില്‍ ക്രിസ്‌തുവിലൂടെ സ്വാതന്ത്ര്യത്തില്‍ ജീവിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം വിവേകപൂര്‍വ്വം ഉപയോഗിക്കനും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനായി പോരാടാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. ആത്യന്തികമായി നമ്മുടെ പ്രത്യാശ സ്വര്‍ഗ്ഗത്തിലെ ക്രിസ്‌തുവിലുള്ള യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെ വാഗ്‌ദാനത്തിലാണ്. നമുക്ക് അവനില്‍ ആശ്രയിക്കുകയും അവന്‍റെ മഹത്വത്തിനായി സ്വാതന്ത്ര്യത്തോടെ ജീവിക്കുകയും ചെയ്യാം.
അവധിക്കാലത്ത് പ്രിയപ്പെട്ടവരെയും മാതാപിതാക്കളെയും സന്ദര്‍ശിക്കുവാന്‍ പോകുന്ന സന്ദര്‍ഭം എല്ലാവര്‍ക്കും ഊഷ്‌മളമായിത്തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രസംഗം പ്രവര്‍ത്തിയാണെന്ന് നമുക്ക് കാട്ടിത്തന്ന സമാനതകളില്ലാത്ത സന്‍മനസ്സിന്‍റെ ഉടമയായിരുന്ന ജനനായകന്‍ മുന്‍ കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിക്ക് ലോകം ആദാരഞ്‌ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം നമുക്കും പങ്കുചേരാം.
ഇടവകയുടെയും യുവജന സഖ്യത്തിന്‍റെയും ഗോള്‍ഡന്‍ ജൂബിലി പദ്ധതികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാകുന്നു എന്നത് നമുക്ക് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നു.
സേവികാസംഘം സുവര്‍ണ്ണ ജൂബിലിക്ക് ആരംഭം കുറിക്കുകയും ചെയ്‌തു. അനുഗ്രഹീതമായ അനുഭവങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.
ആദ്യ കുര്‍ബ്ബാന കൈക്കൊള്ളുവാന്‍ ഒരുങ്ങുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളും കുഞ്ഞുങ്ങളും അതിന്‍റെ ക്രമീകരണങ്ങളില്‍ എത്രയും വേഗം പങ്കു ചേരുന്നതിന് ശ്രദ്ധിക്കുമല്ലോ.
വ്യക്തി ജീവിതത്തിലും ഇടവക തലത്തിലും അനുഗ്രഹീതമായ അനുഭവങ്ങള്‍ നമുക്ക് സൃഷ്ടിക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു.
ദൈവം നമ്മെ അനുഗ്രഹിക്ക്ട്ടെ.
സ്‌നേഹത്തോടെ,
ജിജു ജോസഫ് അച്ചന്‍